നോട്ട് അസാധുവാക്കലിന്റെ ദുരുദ്ദേശങ്ങള്‍

(2016 നവംബര്‍ 8ന് ഇന്ത്യയിലെ കേന്ദ്രസര്‍ക്കാര്‍ 500ന്റേയും 1000ന്റേയും നോട്ടുകള്‍ മുന്നറിയിപ്പുകളൊന്നുമില്ലാതെ അസാധുവാക്കിയതിനെ തുടര്‍ന്ന് എഴുതിയ കുറിപ്പ്)

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞ കാരണങ്ങള്‍ പകുതിവെന്ത നുണകളാണ്. സര്‍ക്കാരിന്റെ യഥാര്‍ത്ഥ ഉദ്ദേശം, കഴിഞ്ഞ ദിവസം ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി നടത്തിയ പ്രസ്താവനയില്‍നിന്നും (http://indianexpress.com/article/in…), നോട്ട് അസാധുവാക്കുന്നതിനെ അനുകൂലിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍നിന്നും വ്യക്തമാണ്.

അവസാനമില്ലാത്ത മൂലധനസൃഷ്ടിയും മൂലധനവിനിമയവുമാണ് കമ്പോളസമ്പദ്‌വ്യവസ്ഥയുടെ ജീവശ്വാസം. ഈ മൂലധനതാല്‍പ്പര്യത്തിന് ബാങ്കുകളുടെ കടംകൊടുക്കല്‍ശേഷി ശക്തമായിരിക്കേണ്ടത് പരമപ്രധാനമാണ്. ആളുകള്‍-കോര്‍പ്പോറേറ്റുകള്‍, കടം എടുക്കുകയും അതുകൊണ്ട് ഉത്പാദനപരമായ സാമ്പത്തികവൃത്തികളില്‍ ഏര്‍പ്പെട്ട് മൊത്തം മൂലധനലഭ്യത വര്‍ദ്ധിപ്പിക്കുകയും, അതുവഴി പുതിയ സംരംഭങ്ങള്‍ക്കുള്ള മൂലധനലഭ്യത ഉറപ്പുവരുത്തുകയും, പലിശയടക്കം കടം തിരിച്ചടയ്ക്കുകയും, ഒക്കെ ചെയ്താലാണ് ‘വികസനം‘ നടക്കുകയുള്ളൂ. ഇന്ത്യന്‍ ബാങ്കുകളുടെ കടംകൊടുക്കല്‍ ശേഷി നിലവില്‍ വളരെ കുറഞ്ഞിട്ടുണ്ട്. ഇതിനു പ്രധാനകാരണങ്ങള്‍, വന്‍കിട കോര്‍പ്പോറേറ്റുകള്‍ അവരുടെ കടം തിരിച്ചടയ്ക്കാത്തതും, സമ്പദ്‌വ്യവസ്ഥയിലെ കള്ളപണത്തിന്റെ (non-accounted money) ആധിക്യവുമാണ്. കള്ളപണം ഇല്ലാതാക്കുന്നതില്‍ആത്മാര്‍ഥതയുള്ള ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത് കിട്ടാനുള്ള കടം കര്‍ശനമായി തിരിച്ചുപിടിക്കുകയും, നിരന്തരം കള്ളപ്പണത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന, അത് അനിവാര്യമാക്കുന്ന, അനായാസമാക്കുന്ന, വ്യവസ്ഥയിലെ ഘടനാപരമായ പിശകുകള്‍ പരിഹരിക്കുകയുമാണ്. പക്ഷെ, അതിന് ബുദ്ധിപരമായ സത്യസന്ധതയും രാഷ്ട്രീയ ഇച്ഛാശക്തിയും ആവശ്യമുണ്ട്. ഇതു രണ്ടുമില്ലാത്ത ഒരു സര്‍ക്കാരിന് ഇന്ത്യപോലുള്ള ഒരു സമ്പദ്‌വ്യവസ്ഥയില്‍ ചെയ്യാവുന്ന എളുപ്പപണിയാണ് മോഡി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

തങ്ങളുടെ പണം ബാങ്കിനെ ഏല്‍പ്പിക്കാതെ തങ്ങളുടെ കൈവശംതന്നെ സൂക്ഷിക്കുന്ന, തങ്ങളുടെ ദൈനംദിന സാമ്പത്തികജീവിതത്തില്‍ ബാങ്കിടപാടുകള്‍ കാര്യമായിട്ടൊന്നുമില്ലാത്ത, കള്ളപ്പണക്കാരല്ലാത്ത, 60-70% മനുഷ്യരുള്ള നാടാണ് ഇന്ത്യ. അതായത്, 120 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞത്‌ 70 കോടി ആളുകളെങ്കിലും ഈ വിഭാഗത്തില്‍പ്പെടും. ഇക്കൂട്ടരുടെ കൈവശമുള്ള മൂലധനംകൂടി അവര്‍ക്കു മേല്‍തട്ടിലുള്ളവരുടെ, കമ്പോളവ്യവസ്ഥയുടെ, ചൂതുകളിയ്ക്ക് ലഭ്യമാക്കാനായി സര്‍ക്കാര്‍ ആദ്യം ‘ധന്‍ജന്‍യോജന’യെന്ന പേരില്‍ സകലര്‍ക്കും ബാങ്ക് അക്കൗണ്ട്‌ ഉണ്ടാക്കുന്നു. പക്ഷെ, സര്‍ക്കാര്‍ ആഗ്രഹിച്ചതുപോലെ ഈ അക്കൗണ്ടുകളിലൊന്നും മേല്‍പ്പറഞ്ഞ വിഭാഗം ജനങ്ങള്‍ തങ്ങളുടെ പണം നിക്ഷേപിച്ചില്ല. അതിനെ തുടര്‍ന്നുള്ള അറ്റകൈ പ്രയോഗമാണ് നോട്ടുകള്‍ അസാധുവാക്കല്‍.

ബാങ്ക് ഇടപാടുകള്‍ നടത്താത്ത ഒരാളുടെ കൈവശം ആകെയുള്ള സമ്പാദ്യമായും, അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാനായും, ദൈനംദിന ചില്ലറ മറിക്കലുകള്‍ക്കുമായി, 500ന്റേയും 1000ന്റേയും രൂപത്തില്‍ പതിനായിരം രൂപ ഉണ്ടെന്നു കരുതുക. ഈ നോട്ടുകള്‍ പൊടുന്നനെ സര്‍ക്കാര്‍ അസാധുവാക്കുന്നു. നോട്ടുകള്‍ മാറ്റി കിട്ടാന്‍ അയാള്‍ ബാങ്കില്‍ പോകുന്നു. പക്ഷെ, ബാങ്കില്‍നിന്നും ഒരു ദിവസം 2500 രൂപയേ ലഭിക്കുകയുള്ളൂ. 1000ത്തിന്റെ പുതിയ നോട്ടുകള്‍ ഇല്ല. പുതിയ 500ന്റെ നോട്ടുകള്‍ ഇപ്പോഴും ലഭ്യമല്ല. 100ന്റെ നോട്ടുകള്‍ ആവശ്യത്തിനില്ല. പിന്നെ ഉള്ളത്, അയാളുടെ ദൈനംദിന ചില്ലറ ആവശ്യങ്ങള്‍ക്ക് അത്ര ഉപയോഗ്യമല്ലാത്ത 2000 രൂപയാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍, അയാള്‍ക്ക്‌ രണ്ടു കാര്യങ്ങള്‍ ചെയ്യാനാകും: തുടര്‍ച്ചയായി നാല്-അഞ്ചുദിവസം തന്റെ തൊഴില്‍ ഉപേക്ഷിച്ച്, തിക്കും തിരക്കും സഹിച്ച്, പൊതുവില്‍ നോട്ടുകളുടെ ക്ഷാമംകൊണ്ടു പൊതിയാതേങ്ങയായിരിക്കുന്ന 2000ന്റെ നോട്ടുകള്‍ സംഘടിപ്പിക്കുക. അല്ലെങ്കില്‍, ഈ തുക പുതിയ അക്കൗണ്ട്‌ തുറന്നിട്ടോ, നിലവിലുള്ള കാലിയായ അക്കൗണ്ടിലോ, നിക്ഷേപിക്കുക; പിന്നീട് എടുക്കാമെന്ന ധാരണയില്‍…

ഇങ്ങനെ, ധന്‍ജന്‍യോജനയിലൂടെയും മറ്റും സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നടക്കാത്ത കാര്യം നടന്നു. നോട്ട് അസാധുവാക്കല്‍, പകരം വേണ്ടത്ര നോട്ടുകള്‍ ലഭ്യമാക്കാതിരിക്കല്‍, പുതിയ 2000 നോട്ടിനുവേണ്ടി മുന്‍‌കൂര്‍ എ.ടി.എം. സജജമാക്കാതിരിക്കല്‍, അക്കൗണ്ടില്‍ പണം
നിക്ഷേപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കല്‍, തുക നിക്ഷേപിച്ചാലും കുറേശ്ശെ മാത്രം പിന്‍വലിക്കാനാകൂവെന്ന നിബന്ധന, യാതൊരു ആവശ്യവും പ്രസക്തിയുമില്ലാതെ പ്രധാനമന്ത്രിതന്നെ നേരിട്ടുനടത്തുന്ന നാടകിയ പ്രഖ്യാപനം, ആകെകൂടിയുള്ള ആശയകുഴപ്പം, എന്നിങ്ങനെ സകലപരിപാടികളും കൃത്യമായ ദുരുദ്ദേശത്തില്‍ ആസൂത്രണം ചെയ്തിട്ടുള്ളതാണ്‌. ഇതെല്ലാം കള്ളപ്പണത്തെ തടയുമോയെന്നു ചോദിച്ചാല്‍, “ഇല്ല” എന്നാണ് നിസ്സംശയമായ ഉത്തരം. നിലവില്‍ കള്ളപ്പണം സൂക്ഷിച്ചിട്ടുള്ള കുറെപ്പേരുടെ പണം (ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ പരമാവധി 6% ആണ് ഈ വിഭാഗത്തില്‍ വരിക) വെള്ളത്തിലായെന്നുതന്നെ ഇരിക്കട്ടെ. പക്ഷെ, ഈ കള്ളപ്പണക്കാരെ, കള്ളപ്പണത്തെ, സൃഷ്ടിക്കുന്ന-നിലനിറുത്തുന്ന വ്യവസ്ഥ തെല്ലും മാറ്റമില്ലാതെ തുടരുകയാണ്. ഒരുവേള, നിലവിലുള്ള കുറേപ്പേര്‍ മാറി അവരുടെ സ്ഥാനത്തു വേറെ കുറേപ്പേര്‍ വന്നേക്കാമെന്നതു മാത്രമാണ് ഉണ്ടാകാവുന്ന വ്യത്യാസം. കള്ളനോട്ടടികാര്‍ക്കും ഇത് ചില്ലറ ആലോസരമേ ഉണ്ടാക്കുന്നുള്ളൂ. കാരണം, പുതിയ സുരക്ഷാസംവിധാനങ്ങളൊന്നും കൂട്ടിചേര്‍ക്കാത്ത നോട്ടുകളാണ് സര്‍ക്കാര്‍ പുതുതായി ഇറക്കുന്നത്‌. ഭാവിയില്‍ ഒരുപാടു പണം കൂട്ടിവെയ്ക്കാന്‍ പറ്റില്ലെന്ന പ്രശ്നവുമില്ല; 2000ത്തിന്റെ നോട്ടുകളാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഇറക്കിയിട്ടുള്ളത്.

ചുരുക്കത്തില്‍, സമ്പദ്‌വ്യവസ്ഥയിലെ കള്ളപ്പണ സ്രാവുകളെയൊന്നും പിടിക്കാതെ, അവര്‍ക്ക് അവരുടെ ചൂതുകളി തുടരാനുള്ള മൂലധനം, സമൂഹത്തിലെ ഏറ്റവും താഴെതട്ടില്‍നിന്നും കവര്‍ന്നെടുക്കുന്ന പരിപാടിയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, പൊതുമൂലധനം നിരന്തരം ഒരു അതിന്യൂനപക്ഷത്തിന്റെ സ്വകാര്യമൂലധനമായി പരിവര്‍ത്തനം ചെയ്യപ്പെടുന്ന, മഹാഭൂരിപക്ഷവും നിരന്തരം കൂടുതല്‍ കൂടുതല്‍ ദരിദ്രവല്‍കരിക്കപ്പെടുന്ന, ഒരു ഘടനയെ ശക്തിപ്പെടുത്തുന്ന പരിപാടികളില്‍ ഒന്നാണ് നോട്ട്‌ അസാധുവാക്കല്‍; സര്‍ക്കാരിന്റെ മറ്റെല്ലാ നയപരിപാടികളും പോലെതന്നെ. 12-ആം തീയതി അരുണ്‍ ജെയ്റ്റിലിയുടെ പ്രസ്താവന അനുസരിച്ച്, 3-4 ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടുലക്ഷം കോടി രൂപയാണ് ബാങ്കുകളില്‍ നിക്ഷേപമായി വന്നിട്ടുള്ളത്. നോട്ട് അസാധുവാക്കലിനെ ചോദ്യംചെയ്തു സമര്‍പ്പിച്ച ഹര്‍ജികളെ എതിര്‍ത്തുകൊണ്ട് ആ നീക്കത്തെ ന്യായീകരിച്ച് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടുള്ളത് 10-11 ലക്ഷം കോടി രൂപ ബാങ്ക് നിക്ഷപം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായാണ് (http://timesofindia.indiatimes.com/…)

ബാങ്കുകളുടെ കടം തിരിച്ചുപിടിക്കുന്നതിലും, കള്ളംപണം പിടിക്കുന്നതിലും, ആത്മാര്‍ഥതയുള്ള ഒരു സര്‍ക്കാര്‍ എന്തിനാണ്, ഏറ്റവും കൂടിയ തുകകള്‍ കടമായുള്ളവരുടെ പട്ടിക പൊതുജനമദ്ധ്യം പ്രസിദ്ധപ്പെടുത്തരുതെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെടുന്നത്?? കള്ളപണക്കാരുടെ
പനാമാപട്ടികയില്‍ പേരുവന്ന, അമിതാഭ് ബച്ചനും, ഐശ്വര്യാറായിയും അടക്കമുള്ളവരുടെ നിലവിലെ സ്ഥിയെന്താണ്? രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന എല്ലാ സാമ്പത്തിക സംഭാവനകളുടെയും സ്രോതസ്സ് വെളിപ്പെടുത്തല്‍ നിര്‍ബന്ധമാക്കുന്ന നിയമനിര്‍മ്മാണം നടക്കാത്തതെന്താണ്? വന്‍കിടകുത്തക ബാങ്കുകളുടെ ഹവാലാ പണമിടപാട് വെളിച്ചത്തുകൊണ്ടുവരാന്‍ സര്‍ക്കാരിനു സഹായം വാഗ്ദാനം ചെയ്തയാളുടെ സേവനം സര്‍ക്കാര്‍ പ്രയോജനപ്പെടുത്താത്തതെന്താണ്? (http://thewire.in/28655/india-has-n…)

1997-ലേയും 2008ലേയും ആഗോളസാമ്പത്തിക മാന്ദ്യങ്ങളും, മറ്റ് ഓഹരി തകര്‍ച്ചകളുമൊന്നും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ബാധിക്കാത്തതിനുള്ള പ്രധാനകാരണം ഈ ചൂതുകളി സമ്പദ്‌വ്യവസ്ഥയില്‍ പൂര്‍ണ്ണമായും ഭാഗഭാക്കാകാതെ വലിയൊരു വിഭാഗം ജനങ്ങളും അവരുടെ സമ്പാദ്യവും ഇപ്പോഴും ഇവിടെ ഉണ്ടെന്നതാണ്. അവരുടെ ഇടയിലേക്ക്, ബലപ്രയോഗത്തിലൂടെയും, പ്രാഥമിക മനുഷ്യാവകാശങ്ങളെ നിഷേധിച്ചും, ക്യൂവില്‍ നിറുത്തി അപമാനിച്ചും, അദ്ധ്വാനിച്ചു സമ്പാദിച്ച് അക്കൗണ്ടില്‍ ഇട്ട തുക ഇഷ്ടാനുസരണം പിന്‍വലിക്കാന്‍ അനുവദിക്കാതെയും, കുത്തകകളാല്‍ കുത്തകള്‍ക്കുവേണ്ടി നടത്തപ്പെടുന്ന ഇന്ത്യന്‍ ഭരണകൂടം കടന്നുകയറിയിരിക്കുകയാണ്.

(ഇതേ കാര്യങ്ങള്‍ കൂടുതല്‍ നന്നായി വിശദീകരിക്കുന്ന ഒരു ഇംഗ്ലീഷ് ലേഖനം ഈ ലിങ്കില്‍ ലഭ്യമാണ്: https://kafila.online/2016/11/14/de…)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s