സ്ത്രീയും ഇടവും

2016 മേയ് 28നു എറണാകുളം ജില്ലയിലെ കുറുപ്പംപടിയില്‍ ജിഷയെന്നു പേരുള്ള പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി അതിക്രൂരമാംവണ്ണം കൊല്ലപ്പെട്ടു. അടച്ചുറപ്പുള്ള ഒരു താമസസ്ഥലം ജിഷയ്ക്ക് ഉണ്ടായിരുന്നില്ല എന്നത് കുറ്റവാളിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി… ഇതറിഞ്ഞതിനെ തുടര്‍ന്ന് എഴുതിയതാണ് ഈ കുറിപ്പ്.

ജിഷയ്ക്കെതിരെ ഉണ്ടായതുള്‍പ്പടെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അറിയുമ്പോഴെല്ലാം തോന്നാറുള്ള ചില കാര്യങ്ങളുണ്ട്; അവ,പുരുഷകേന്ദ്രീകൃത ചിന്തകള്‍ക്ക് പ്രാമുഖ്യമുള്ള സമൂഹങ്ങളില്‍ പലപ്പോഴും വിസ്മരിക്കപ്പെടാറുള്ളതോ തിരിച്ചറിയപ്പെടാത്തവയോ ആണ്.

സ്ത്രീയ്ക്ക് ഇടം/സ്ഥല(space)വുമായുള്ള ബന്ധം – അതിന്റെ ആവശ്യം, കുറച്ചൊക്കെ പ്രകൃത്യാലുള്ള കാരണങ്ങളാലും, വളരെയധികം സാമൂഹികമായ കാരണങ്ങളാലും പുരുഷനിലും എത്രയുമധികമാണ്. സ്ത്രീശരീരം കമ്പോളയുക്തികളാല്‍ ചരക്കുവല്‍ക്കരിക്കപ്പെട്ടിട്ടുള്ള, മതയുക്തികളാല്‍ പാപവല്‍കരിക്കപ്പെട്ടിട്ടുള്ള, സ്വകാര്യസ്വത്തു താല്‍പ്പര്യങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന, ഒരു സമൂഹത്തില്‍ സ്ത്രീ നിരന്തരം പലതലങ്ങളില്‍ പീഡിപ്പിക്കപ്പെടുകതന്നെ ചെയ്യും. അത്തരമൊരു സാമൂഹികസാഹചര്യത്തില്‍ താന്‍ കയറി പിടിക്കപ്പെടില്ല എന്നുറപ്പുള്ള, തന്റെ സുരക്ഷിതത്വത്തെകുറിച്ച് ആശങ്കപ്പെടെണ്ടതില്ലാത്ത സ്ഥലങ്ങള്‍ സ്ത്രീയുടെ സര്‍ഗാത്മകമായ, സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്ക്
അനിവാര്യമാണ്. പുരുഷന് ഏതു രാത്രിയിലും എവിടെയും സഞ്ചരിക്കാം, ഏതു കടതിണ്ണയിലും കിടന്നുറങ്ങാം എന്നുള്ളതുകൊണ്ട് മിക്കപ്പോഴും ഈയൊരു കാര്യം അവന്റെ മനസ്സില്‍ പതിയാറില്ല.

പ്രകൃത്യാലുള്ള കാരണങ്ങള്‍ എടുത്താല്‍: സ്ത്രീയാണ് ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും മുലയൂട്ടുകയും ചെയ്യുന്നത്; ആര്‍ത്തവവും അവള്‍ക്കാണ് ഉള്ളത്. ഇക്കാരണങ്ങളാല്‍ സ്ത്രീയ്ക്ക് താരതമ്യേന ചലനാത്മകത (mobility) കുറഞ്ഞിരിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. അഥവാ, ഒരു പ്രത്യേക ഇടത്തില്‍ തുടരേണ്ട സാഹചര്യം താരതമ്യേന വര്‍ദ്ധിക്കും. തന്റെ തപസ്സിലൂടെ ഉരുവം കൊള്ളുന്ന, പലപ്പോഴും തനിക്ക് ഏറ്റവും പ്രിയപ്പെട്ട, താന്‍ നിരന്തരം പോഷിപ്പിക്കുന്ന, കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ച ഉറപ്പുവരുത്താനും സ്ത്രീകള്‍ക്ക് സ്ഥലം ആവശ്യമുണ്ട്.

എനിക്കറിയാവുന്ന, കുടുംബങ്ങളില്‍ അസ്വസ്ഥരായ ഒട്ടുമിക്ക സ്ത്രീകളും ആ സഹനം തുടരുന്നത്, കുടുംബത്തിന്റെ ഭൂസ്വത്ത് പുരുഷന്മാരുടെ കയ്യില്‍ ആയിരിക്കുന്നതിനാലും, അവിടെനിന്ന് ഇറങ്ങിപ്പോയാല്‍ കേറിച്ചെല്ലാന്‍ ഒരിടവും ഇല്ലാത്തതിനാലുമാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, സ്വന്തമായി കൂരയും ജീവിക്കാനുള്ള മറ്റു സാഹചര്യങ്ങളും (ഉദാഹരണത്തിന് ഒരു കൃഷിയിടം) ഉണ്ടായിരുന്നെങ്കില്‍ തങ്ങളുടെ മൊരടന്‍ ഭര്‍ത്താക്കന്മാരോടും അച്ഛന്മാരോടും അവര്‍ പണ്ടേക്കു പണ്ടേ പോയി തുലയാന്‍ പറയുമായിരുന്നു.

കുടുംബങ്ങളില്‍നിന്നും വിവാഹം കഴിപ്പിച്ച് അയക്കുന്ന പെണ്‍കുട്ടികളുടെ സാഹചര്യവും ശ്രദ്ധേയമാണ്: പുതിയ ആളുകള്‍, ചുറ്റുപാടുകള്‍, മറ്റുള്ളവരില്‍നിന്നുള്ള പലതരം (അയഥാര്‍ത്ഥമായ ) പ്രതീക്ഷകള്‍, അധികം പരിചയിമില്ലാത്ത ജീവിതപങ്കാളി… ഇതിനിടയിലാണ് മിക്കപ്പോഴും അവര്‍ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിക്കുക. ആശങ്കകളുടെയും, ആശാഭംഗങ്ങളുടെയും, പിരിമുറുക്കങ്ങളുടെയും ഈ കാലയളവിലാണ് നമ്മുടെ കുരുന്നുജീവനുകള്‍ നാമ്പെടുക്കുന്നതും പിന്നീട് ലോകപ്രേവേശം ചെയ്ത് വളരുന്നതും. തങ്ങളുടെ അമ്മമാരിലൂടെ ഗര്‍ഭകാലം മുതല്‍ അസ്വസ്ഥരായി വളരുന്ന ഇത്തരം കുട്ടികള്‍ പെരുകുന്ന ഒരു സമൂഹത്തിന്റെ ഗതി എന്താവുമെന്നതില്‍ സംശയിക്കാനൊന്നുമില്ല.

പറഞ്ഞുവന്നത്, പുരുഷകേന്ദ്രീകൃതവ്യവസ്ഥയുടെ പ്രാഥമിക അടിത്തറകളിലൊന്ന് പുരുഷനിലൂടെയുള്ള സ്വത്തുകൈമാറ്റവ്യവസ്ഥയാണെന്നാണ്. അതില്‍ മൌലീകമായ തിരുത്തലുകള്‍ സാധ്യമായാല്‍, ഒരു സമൂഹത്തിന്റെ സാംസ്കാരികവും-സദാചാരപരവും-സാമ്പത്തികവുമായ തലങ്ങളിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് അതു വഴിയൊരുക്കും. കാരണം, സ്ത്രീയുടെ സ്നേഹം-ലൈംഗീകത നിയന്ത്രിക്കുന്നതിലൂടെയാണ് ജാതി-മതം-സ്വകാര്യസ്വത്ത് തുടങ്ങിയ സകല വിഭാഗിയതകളും നിലനിര്‍ത്തികൊണ്ടുപോകാന്‍ ഒരു സമൂഹത്തിനാകുന്നത്. ആ നിയന്ത്രണം സമൂഹം സാധ്യമാക്കുന്ന പ്രധാനരീതി സ്വന്തമായ ജീവിതഇടങ്ങള്‍ അവള്‍ക്ക് അസാധ്യമാക്കികൊണ്ടാണ്. ഭൂസ്വത്ത് സാമാന്യമായി സ്ത്രീകളുടെതാകട്ടെ, നിശ്ചയമായും ഇവയ്ക്കെല്ലാം വലിയ മാറ്റം വരും.

യഥാര്‍ത്ഥത്തില്‍ പുരോഗമനപരമായ മാറ്റങ്ങളില്‍നിന്നും സമൂഹത്തെ പിന്നോക്കം കൊണ്ടുപോകുന്നതില്‍, പുരുഷന്മാര്‍ക്ക് തത്തുല്യമായ പങ്ക് സ്ത്രീകളും അവരവരുടേതായ രീതിയില്‍ സമൂഹത്തില്‍ നിര്‍വ്വഹിക്കുന്നുണ്ട്; അവര്‍ അതിന്റെ പ്രാഥമിക ഇരകളായിരിക്കുമ്പോള്‍ തന്നെയും. ഈ പിന്തിരിപ്പന്‍ അല്‍പ്പത്തം, പൊതുബോധമില്ലായ്മ, സ്ത്രീകളെ പിടികൂടുന്നതിനുള്ള ഒരു പ്രധാന കാരണം കുടുംബമെന്ന പടുകുഴിയില്‍‍, വേറെ നിവൃത്തിയൊന്നുമില്ലാതെ, അതിന്റെ സങ്കുചിത മൂല്യവീക്ഷണങ്ങളുമായി താദാത്മ്യപ്പെട്ട്, വര്‍ഷങ്ങളോളം ജീവിക്കാന്‍ ഇടവരുന്നതുകൊണ്ടാണ്.

പലതലങ്ങളില്‍ പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, പ്രത്യേകിച്ചു സ്ത്രീ സുഹൃത്തുക്കള്‍, സമാനമനസ്കരായ സ്ത്രീകള്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ പറ്റുന്ന ഇടങ്ങള്‍ സാധ്യമാക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമായിരിക്കും.

കൈമാറാന്‍ സ്വത്തുള്ളവരെ സംബന്ധിച്ചാണ് ഇതുവരെ പറഞ്ഞതില്‍ ചിലത് പ്രസക്തമാകുക. അതില്ലാത്തവരുടെ കാര്യമോ?

ദേശരാഷ്ട്രം (nation-state) എന്ന കെട്ടുകാഴ്ച ഉണ്ടാകുന്നതിനു മുമ്പ് നമ്മുടെ വനങ്ങളില്‍ ഭൂരിഭാഗവും പ്രാദേശിക സമൂഹങ്ങളുടെതായിരുന്നു. ഇതുകൂടാതെ കണക്കറ്റ പൊതുഭൂമിയും നമുക്കുണ്ടായിരുന്നു. എന്നാല്‍, ദേശരാഷ്ട്ര സംവിധാനം രണ്ടുതരം ഭൂവുടമസ്ഥതയേ അംഗീകരിക്കുന്നുള്ളൂ; സര്‍ക്കാര്‍ സ്വത്തും, സ്വകാര്യസ്വത്തും. ഈ നില മാറാതെ ഒരു സമൂഹവും ഗതി പിടിക്കില്ല; സമത്വമെന്ന ആശയത്തെ അത് സ്പര്‍ശിക്കപോലുമില്ല (See: This Fissured Land; An Ecological History of India, Authors: Madhav Gadgil, Ramachandra Guha, Pub: Oxford)

മാറ്റങ്ങള്‍ക്ക് ഒരു തുടക്കമെന്നോണം കേരളത്തിലെ സകലമാന ഏകവിളത്തോട്ടങ്ങളും നമുക്ക് തിരിച്ചുപിടിച്ചാലോ? പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞതും, അവ റദ്ദാക്കാന്‍ സാധിക്കുന്നതുമായ ഇടങ്ങളില്‍നിന്ന് ഈ പരിപാടി തുടങ്ങാവുന്നതാണ്. അവയില്‍ നിശ്ചിതശതമാനം വനവല്‍ക്കരണത്തിന് വിട്ടിട്ട് ബാക്കി മുഴുവനും കൃഷിഭൂമിയാക്കുക (JCBകള്‍ നമുക്ക് ഒരുപാടുണ്ടല്ലോ). എന്നിട്ട്, ആദിവാസി-ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ അതില്‍ ഭൂരിഭാഗവും, തോട്ടം തൊഴിലാളികള്‍ക്കും, മറ്റു വിഭാഗം ഭൂരഹിതര്‍ക്കുമായി അവയില്‍ ബാക്കിയും വിതരണം ചെയ്യപ്പെടട്ടെ. (ഭൂമി പിടിച്ചെടുക്കാനുള്ള ഉത്തരവാദിത്ത്വം ആദിവാസി-ദളിത്‌ വിഭാഗങ്ങളുടെതല്ല, പൊതുബോധമുള്ള സകലരുടെതുമാണെന്ന് ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ…)

കയ്യേറാവുന്ന ഭൂമികളുടെ പട്ടിക നിലവില്‍ ഉണ്ടാകാനിടയുണ്ട്… അവിടത്തെ ഭൂവിനിയോഗം എങ്ങനെ വേണമെന്ന് കാലേകൂട്ടി നിശ്ചയിച്ച് നമുക്ക് ഇറങ്ങിതിരിക്കാം?! ഒരു Occupy Land Movement! സ്ത്രീകളെ ചരക്കുവല്‍കരിക്കുന്ന കമ്പോളവ്യവസ്ഥയുടെയും അടിത്തറമാന്തുന്ന ഏര്‍പ്പാടായിരിക്കുമത്.

മനുഷ്യരുടെ, പ്രത്യേകിച്ചു സ്ത്രീകളുടെ നാശത്തിനു കാരണമാകുന്ന ഒരു പ്രധാന സംഗതികൂടി പറയാനുണ്ട്. (മുമ്പുപറഞ്ഞ പുരുഷകേന്ദ്രീകൃത സ്വത്തു കൈമാറ്റത്തിന്റെ ഏര്‍പ്പാടൊക്കെ തുടങ്ങുന്നത് അവിടെനിന്നാണ്). ഏതൊക്കെ മതങ്ങളില്‍, എവിടെയൊക്കെ, ദൈവവും മനുഷ്യനും-സൃഷ്ടാവും സൃഷ്ടിയും  രണ്ടായി സങ്കല്‍പ്പിക്കപ്പെടുന്നുവോ, അവിടെയെല്ലാം ശരീരം-സ്ത്രീ പാപത്തിന്റെ ഉറവിടമായിരിക്കുന്ന സാഹചര്യം ചരിത്രത്തില്‍ ഉടനീളമുണ്ട്. അവര്‍ണ്ണ/സവര്‍ണ്ണ ഭേദങ്ങളും, കൊലകളുമെല്ലാം ഇതേ ഭേദബുദ്ധിയുടെ ഉപോല്‍പ്പന്നങ്ങളാണ്. ഹിന്ദുത്വ-മുസ്ലീം-ക്രിസ്ത്യന്‍ കുഞ്ഞാടുകളുടെ വികാര-വിചാരങ്ങളെ ഒന്നു നിരീക്ഷിച്ചാല്‍, സ്ത്രീകളെ ഒരു രണ്ടാംകിട വിഭാഗമായോ, ലൈംഗീകവസ്തുക്കളായോ കാണുന്ന ഒരു അന്തര്‍ധാര പലപ്പോഴും കാണാറുണ്ട്‌. ഇത് ആ വ്യക്തികളുടെ പ്രത്യേകമായ എന്തെങ്കിലും തകരാറു കൊണ്ടല്ല; അവരുടെ സൌന്ദര്യബോധത്തിന് കൂടുതല്‍ വികസിക്കാനുള്ള സാഹചര്യം അവരുടെ മതപഠനം ശുഷ്കമാക്കുന്നത് കൊണ്ടാണ്.

സത്യം-ഉണ്മ-ദൈവം രണ്ടാകുക എന്നത് താത്വികമായ ഒരസാധ്യതയാണ് (വ്യാവഹാരിക വിഷയങ്ങളിലെ സത്യങ്ങളെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്; ഉണ്മ-ഉള്ളതെല്ലാം എന്ന അര്‍ത്ഥത്തില്‍ ദാര്‍ശനിക, മത, തലങ്ങളിലെ സത്യമാണ് വിവക്ഷ) സത്യം എന്നൊന്നുണ്ടെങ്കില്‍ എന്തെങ്കിലും സത്യത്തിനു പുറത്തായിരിക്കുക എന്നത് അസാധ്യമാണ്; ദൈവം ഉണ്ടെങ്കില്‍ ദൈവം മാത്രമേയുള്ളൂ; ഉള്ളതെല്ലാം മൂല്യവത്താണ്, പവിത്രമാണ്. മതങ്ങളുടെ ജീവിത-ശരീര-നിഷേധിയായ ഈ അസംബന്ധ സമീപനം, ആ നിലയ്ക്കുള്ള മതപഠനങ്ങള്‍ അവസാനിക്കാതെ നമുക്ക്/സ്ത്രീകള്‍ക്ക് രക്ഷയില്ല.

മറ്റൊരു വിഷയം: സ്ത്രീകളെ നിരന്തരം-പലവിധം, ചരക്കുവല്‍കരിച്ചുകൊണ്ടിരിക്കുന്ന മുഖ്യധാരാമാദ്ധ്യമങ്ങളെ നാം എങ്ങനെ കൈകാര്യം ചെയ്യും? ഈ മേഖലയില്‍ പൊതുബോധത്തെ ഉണര്‍ത്തുന്ന വ്യാപകമായ പ്രചാരണങ്ങള്‍ ആവശ്യമുണ്ട്. ഇത്തരം മാദ്ധ്യമങ്ങളുടെ ജീവനാഡിയായി വര്‍ത്തിക്കുന്ന, അവര്‍ക്ക് പരസ്യങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളുടെയെല്ലാം ഉല്‍പ്പന്നങ്ങളും സേവനങ്ങളും വേണ്ടെന്നുവെക്കുന്നത് ഫലവത്താണെന്നു തോന്നുന്നു…

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s